കാട്ടാമ്പള്ളിയിലെ ഷഹീൻ പുള്ള്

അബ്സര്‍ എന്‍.

അഫ്സര്‍ മന്‍സില്‍, കീരിയാട്, കണ്ണൂര്‍ 670011

 
Published in: Malabar Trogon 18(1): 92-95. PDF

 

പ്രകൃതിയിലെ ദൃശ്യവിസ്മയങ്ങളാണ് പക്ഷികൾ. ലോകത്തിന്‍റെ നാനാഭാഗങ്ങളിലായി പതിനായിരത്തിലധികം പക്ഷികൾ ഉണ്ടെന്നാണ് കണക്ക്.  കാടുകളിലും കായലുകളിലും കടലുകളിലും ചതുപ്പുകളിലും മഞ്ഞുമൂടിക്കിടക്കുന്ന സ്ഥലത്തും നാട്ടിന്പുറങ്ങളിലുമായി ഇവ  ജീവിച്ചു പോരുന്നു. ലോകത്ത് പക്ഷികളില്ലാത്ത ഇടങ്ങൾ ഇല്ലെന്ന്  തന്നെ പറയാം. വളരെ ഭംഗിയും പാടാനുള്ള കഴിവും ഉള്ള ഒരുപാടു പക്ഷികളെ നമ്മൾ കണ്ടിട്ടുണ്ടാകും എന്‍റെ നാടായ കാട്ടാമ്പള്ളിയിൽ ഈ അടുത്ത കാലത്തായി കണ്ടുവരുന്ന ഒരു  പക്ഷിയെക്കുറിച്ചാണ് ഞാനിവിടെ പ്രതിപാദിക്കുന്നത്.

ലോകത്ത് ഫാൽക്കൺ (Falcon) വിഭാഗത്തിൽപ്പെട്ട ഒരു പാടു പക്ഷികളുണ്ട്. അവയിൽ ചിലത് കേരളത്തിലുമുണ്ട്, സന്ദര്‍ശകരായും സ്ഥിരവാസികളായും. ഈ വിഭാഗത്തിൽ പെട്ട ഒരു പക്ഷിയാണ്  കായൽ പുള്ള് (Peregrine Falcon Falco peregrinus). മണിക്കൂറിൽ 320 കി.മീ. വരെ വേഗതയിൽ സഞ്ചരിക്കാന്‍ കഴിയുന്ന ഈ പക്ഷി ഇരപിടിക്കാൻ കൂപ്പുകുത്തുമ്പോൾ ഉള്ള വേഗത 389 കി.മീ.ൽ എത്തുമെന്ന് പക്ഷിനിരീക്ഷകർ  രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയ്ക്കു വേഗതയിൽ മാത്രമല്ല കാഴ്ചശക്തിയിലും അപാര കഴിവാണ്.

ലോകത്ത് മിക്ക സ്ഥലങ്ങളിലും കാണപ്പെടുന്ന ഈ പരുന്തിനു 19 ഓളം ഉപജാതികളുണ്ട്‌. ഇതില്‍ സൈബീരിയന്‍ പ്രദേശങ്ങളില്‍ നിന്ന് വരുന്ന Falco perigrinus callidus എന്ന ഉപജാതി ദേശാടനം  ചെയ്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ശ്രീ ലങ്കയിലും എത്തിച്ചേരുന്നു. പ്രധാനമായും ഒക്ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെ ഇവിടെ ചിലവഴിക്കുന്ന ഇത് ജലാശയങ്ങള്‍ക്കരികിലും നീര്‍ത്തടങ്ങളിലും ആണ് പൊതുവേ കാണപ്പെടുക.   ഷഹീൻ പുള്ള് (F. p. perigrinator) എന്ന ഉപജാതി ഇന്ത്യയിലും ശ്രീലങ്കയിലും സ്ഥിരവാസിയാണ്. കേരളത്തിൽ കുന്നിന്‍പ്രദേശങ്ങളിലും കാടുകളിലുമാണ് ഷഹീൻ കാണപ്പെടുന്നത്, അപൂര്‍വമായേ ഇടനാടുകളിലും തീരപ്രദേശങ്ങളിലും ഇതിനെ കണ്ടിട്ടുള്ളു. കാഴ്ചയിൽ ഷഹീൻ പുള്ളും കായല്‍ പുള്ളും തമ്മിൽ രൂപസാദൃശ്യമുണ്ടെങ്കിലും ചില പ്രകടമായ വ്യത്യാസങ്ങളുണ്ട് ഇവ തമ്മില്‍. കായല്‍ പുള്ളിന്‍റെ പുറകുവശം നീല കലർന്ന ചാരനിറമാണ്, അടിവശം തവിട്ടു നിറമോ കറുപ്പു വരകളോടുകൂടിയ വെള്ള നിറമോ ആയിരിക്കും. എന്നാൽ ഷഹീൻ പുള്ളിന് കറുപ്പു കലർന്ന പുറകുവശവും ഇരുണ്ട വരകളുള്ള ചെമ്പിച്ച അടിവശവും ആണ്. കായല്‍ പുള്ളിനെക്കാള്‍ കറുത്ത നിറമുള്ള മുഖവും ഷഹീന്‍ പുള്ളിന്‍റെ പ്രത്യേകതയാണ്.

        കണ്ണൂർ ജില്ലയിലെ കാട്ടാമ്പള്ളിയിൽ 2019 ജൂലൈ മുതൽ 2020 ജൂലായ്‌ വരെ ഈ പക്ഷിയെ ദിവസേനയെന്നോണം നിരന്തരമായി നിരീക്ഷിക്കാൻ എനിക്കും മറ്റു പക്ഷി നിരീക്ഷകർക്കും സാധിച്ചിട്ടുണ്ട്. പക്ഷെ കോവിഡ് 19 (covid 19) എന്ന മഹാമാരി കാരണം ലോകം നിശ്ചലമായതോടെ ഷഹീനെക്കുറിച്ചുള്ള അന്വേഷണങ്ങളും  മുറിഞ്ഞു പോയി. എന്നിരുന്നാലും പതിനൊന്നു മാസത്തോളം നീണ്ടു നിന്ന നിരീക്ഷണങ്ങളിൽ ഈ പക്ഷിയെ കുറച്ചെങ്കിലും മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട് . ഷഹീൻ പുള്ള് ഒരിടത്തു തന്നെ സ്ഥിരമായി താമസിച്ച് ഇരപിടിച്ച് ജീവിക്കുന്ന ഒരു പക്ഷിയാണെന്ന് നിരീക്ഷണങ്ങളിൽ നിന്നും ബോധ്യപ്പെടുന്നുണ്ട്. കാട്ടാമ്പള്ളിയിൽ ഷഹീൻ സ്ഥിര ഇരിപ്പിടമായി ഉപയോഗിച്ചത് ഉയർന്ന  ഒരു ഇലക്ട്രിക് ലൈൻ ടവർ ആണ്. അവിടെ നിന്ന് പക്ഷി ഇരയെ ലക്ഷ്യമാക്കി അസാമാന്യ വേഗത്തിൽ താഴേക്ക് കൂപ്പുകുത്തുകയും ഇരയെ കീഴ്പ്പെടുത്തി റാഞ്ചുകയുമാണ് ചെയ്യുന്നത്. ശത്രുക്കളെ വളരെ വേഗം തിരിച്ചറിഞ്ഞ് രക്ഷപ്പെടാൻ സമർത്ഥരായ അമ്പലപ്രാവ് (Blue Rock Pigeon), കുളക്കൊക്ക് (Indian Pond Heron), ആറ്റക്കുരുവി (Baya Weaver) മുതലായ പക്ഷികളെ ഷഹീൻ നിമിഷ നേരം കൊണ്ട് കീഴ്പ്പെടുത്തുന്നത് കാണാൻ ഇടയായിട്ടുണ്ട്. പൊതുവെ പക്ഷികളെ മാത്രം വേട്ടയാടി ഭക്ഷിക്കുന്ന  ഇവ ചിലപ്പോള്‍ ചെറിയ സസ്തനികളേയും ഉരഗങ്ങളേയും ആഹാരമാക്കുന്നതായും പക്ഷിനിരീക്ഷകർ അഭിപ്രായപ്പെടുന്നുണ്ട് .

         പൊതുവെ പ്രഭാതവേളകളിലാണ് ഷഹീൻ പുള്ള് ഇര തേടുന്നതായി കണ്ടിട്ടുള്ളത്. മറ്റു സമയങ്ങളിൽ വിശ്രമിക്കുകയോ തൂവല്‍ മിനുക്കുകയോ ചെയ്യുന്നു.. മറ്റു പരുന്തുവർഗക്കാരെപ്പോലെ ആകാശത്തു വട്ടമിട്ടു പറന്ന് ഇര തേടുന്ന സ്വഭാവം ശ്രദ്ധിക്കപ്പെട്ടിട്ടില്ല. ഇരയുടെ സാന്നിധ്യം വളരെ ദൂരെ നിന്ന് തന്നെ മനസിലാക്കി, ദ്രുതഗതിയിൽ പറന്ന് ഇരയെ റാഞ്ചിയെടുത്ത് പോകുന്നത് സ്ഥിരമായ ഇരിപ്പിടത്തിലേക്ക് തന്നെയായിരിക്കും. പരുന്തുകളും കാക്കകളും ആഹാരം തട്ടിപ്പറിക്കാൻ ശ്രമിക്കുന്നതും ഒരു സ്ഥിരം കാഴ്ചയാണ്.

ഷഹീൻ പുള്ളിനെ പതിവായി ആക്രമിക്കുന്നവരാണ് ആനറാഞ്ചിയും (Black Drongo) ഇണക്കാത്തേവനും (Ashy Wood-swallow) . ഇവരുടെ ശല്യം സഹിക്കവയ്യാതെ ഷഹീൻ ഇടക്കിടെ ഇരിപ്പിടം മാറുന്നതും സ്ഥിരം കാഴ്ചയാണ്.