FLYING SWAN

Dr. K. Kishore Kumar

Rhinacanthus nasutus (Acanthaceae)

വാനിൽ ഉയർന്ന് പറക്കാൻ ശ്രമിക്കുന്ന അരയന്നത്തെ പോലെ മനോഹരമായ ഒരു പുഷ്പമുണ്ട് നമ്മുടെ നാട്ടിൽ. നിങ്ങൾ കണ്ടിട്ടുണ്ടോ ?

നമ്മുടെ നാട്ടിൽ നാഗമല്ലി/ നാഗമുല്ല എന്നു വിളിക്കുന്ന ഈ ചെടി സർപ്പവിഷബാധയ്ക്കും, വിവിധയിനം ചർമരോഗങ്ങളുടെ ചികിത്സയ്ക്കും കാലങ്ങളായി ഉപയോഗിച്ചു വരുന്നതാണ്.

കുറിഞ്ഞിയുടെയും, കനകാംബരത്തിന്റെയും കുടുംബക്കാരിയായ ഇതിന്റെ വെളുത്ത പൂക്കൾക്ക്‌ പറക്കാൻ ചിറകുകൾ വിടർത്തി നിൽക്കുന്ന അരയന്നത്തിന്റെ രൂപമാണ്.

ശാസ്ത്രീയ വിശകലനത്തെക്കാളേറെ ഞാൻ ഇഷ്ടപ്പെടുന്നത് പ്രിയ സുഹൃത്തും, കവിയും, പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ. ടി. പി. വിശ്വനാഥൻ അദ്ദേഹത്തിന്റെ ‘കാവ്യപിച്ചകം‘ എന്ന കവിതാസമാഹാരത്തിൽ ഈ പുഷ്പത്തെ കുറിച്ചെഴുതിയ ‘അപാരതയും ജീവനും‘ എന്ന മനോഹരമായ കവിത പരിചയപ്പെടുത്താനാണ്.

പ്രകൃതിസ്നേഹിയായ ഒരു കവി ഓരോ പുഷ്പത്തെയും എത്ര സൂക്ഷ്മമായാണ് നിരീക്ഷിക്കുന്നതെന്നും, തന്റെ ഭാവനകളും ചേർത്ത് മനോഹരമായ ഒരു കലാസൃഷ്ടി എങ്ങനെ രചിക്കുന്നുവെന്നും ഈ കവിത നമുക്ക് കാണിച്ചു തരുന്നു..!!

‘ആകാശത്തിന്റെ വിളികേട്ടു വാനിലുയർന്നു പറക്കാൻ കൊതിക്കുന്ന പുഷ്പത്തെയും, അതിനു സാധ്യമാവില്ല എന്നറിയുമ്പോൾ, ഭാവനയിൽ ചിറകുവിടർത്തി, മനസ്സാകുന്ന വലിയ ആകാശത്തിൽ പറന്നുല്ലസിക്കൂ’… എന്നു പറയുന്ന കവിയുടെ പ്രതിഭ ഇവിടെ തെളിയുന്നില്ലേ?

ഈ പുഷ്പത്തെ ഇതിൽ കൂടുതൽ എങ്ങിനെ ഞാൻ പരിചയപ്പെടുത്തും..!? അതും, ഈ പംക്തിയുടെ അവസാന ദിനത്തിൽ..!?