അതിരപ്പിള്ളിയിലെ മേഘവർണ്ണൻ

Rison Thumboor

Thumboor Post, Thrissur, Kerala 680 662.
[email protected]
 
Published in: Malabar Trogon 16(3): 38-39. PDF

അതിരപ്പിള്ളിക്കു തൊട്ടടുത്ത് ചാലക്കുടിപ്പുഴയിലേക്കുള്ള ഒരു കൈവഴിയാണ് കണ്ണങ്കുഴി തോട്. 2018 ആഗസ്തിലെ പ്രളയത്തിന് ശേഷം കണ്ണങ്കുഴി തോടിന്റെ ഘടനയിൽ വലിയ വ്യത്യാസങ്ങൾ വന്നതായി കാണാൻ കഴിയും. തോടിനിരുവശവും നിന്നിരുന്ന സസ്യലതാദികൾക്കു കാര്യമായ നാശം സംഭവിച്ചു. തോടിന്റെ ആഴങ്ങളിൽ മനോഹരമായ പഞ്ചാരമണൽ വന്നു നിറഞ്ഞു, നിമ്ന്നോന്നതങ്ങൾ അപ്രത്യക്ഷമായി. തെളിമയാർന്ന ജലത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും പായുന്ന മത്സ്യങ്ങളെയും മറ്റു ജലജീവികളെയും സദാ കാണാം.ഒളിക്കാനൊരിടം പോലുമില്ലാത്തതിനാൽ അവ നിലനിൽപ്പിന്നായുള്ള പോരാട്ടത്തിലാണ്. തോടിലൂടെ കിലോമീറ്ററുകളോളം ആയാസരഹിതമായി നടക്കാമെന്നുള്ള അവസ്ഥയായി. മുകളിൽ സൂര്യൻ കത്തിജ്വലിക്കുമ്പോഴും കുളിരുള്ള ഈ തെളിവെള്ളത്തിൽ നടക്കുമ്പോൾ ചൂടറിയുകയേയില്ല.

2018 ഡിസംബർ 14 ഒരു ഹർത്താൽ ദിനമായിരുന്നതുകൊണ്ടു ഞാൻ സുഹൃത്തും പ്രകൃതി നിരീക്ഷനുമായ രവീന്ദ്രനുമൊരുമിച്ചു രാവിലെ തന്നെ ഇവിടെ എത്തിച്ചേർന്നു. ഈ തോടിലേക്കൊഴുകിച്ചേരുന്ന വറ്റിത്തുടങ്ങിയ കുറെ വെള്ളച്ചാലുകളുണ്ട്. പൊതുവെ അപൂർവ്വമെന്നു കരുതപ്പെടുന്ന കുങ്കുമ നിഴൽത്തുമ്പി Saffron Reedtail (Indosticta deccanensis), പുള്ളി നിഴല്ത്തുമ്പി Pied Reedtail (Protosticta gravelyi) എന്നിവ സമൃദ്ധമായുണ്ടിവിടെ. തോടിനിരുകരയിലുമുള്ള ഇരിപ്പിടങ്ങൾ നഷ്ട്ടപ്പെതുമൂലം തുമ്പികളുടെ എണ്ണത്തിൽ അല്പം കുറവുള്ളതായി കണ്ടു. തോട്ടിലിറങ്ങി അല്പം മുൻപോട്ടു നടന്നപ്പോൾ നിഴലുള്ള ഒരു പ്രദേശത്തെ വെള്ളത്തിൽ കിടക്കുന്ന ഒരു ചെറുകമ്പിൽ ഇരിക്കുകയും ഇടയ്ക്കിടെ പറന്നുപൊങ്ങുകയും ചെയ്തിരുന്ന ഒരു സൂചിത്തുമ്പി എന്റെ ശ്രദ്ധയിൽപ്പെട്ടു. രൂപം കൊണ്ടും വലിപ്പംകൊണ്ടും ആദ്യം അതൊരു തവളക്കണ്ണനാണെന്ന് കരുതിയെങ്കിലും വശങ്ങളിലെ നീലനിറം കണ്ടതോടെ എന്റെ ഹൃദയമിടിപ്പ് ഉച്ചത്തിലായി. പശ്ചിമഘട്ടത്തിലെ സ്ഥാനീയ (endemic) തുമ്പിയായ മേഘവർണ്ണൻ Myristica sapphire (Calocypha laidlawi) ആണതെന്ന സത്യം അത്യാനന്ദത്തോടെ ഞാൻ തിരിച്ചറിഞ്ഞു. ഞാൻ വളരെ വേഗത്തിൽ ആ കമ്പിനടുത്തെത്തി. പക്ഷെ ഞങ്ങളെ കടുത്ത നിരാശയിലാഴ്ത്തിക്കൊണ്ട് അല്പനേരത്തേക്ക് അത് അപ്രത്യക്ഷമായി. പ്രതീക്ഷ കൈവിടാതെയുള്ള ഞങ്ങളുടെ കാത്തിരിപ്പ് വെറുതെയായില്ല. എത്ര ചിത്രങ്ങൾ വേണമെങ്കിലും എടുത്തോളൂ എന്നമട്ടിൽ അവനാകമ്പിൽ തുടർച്ചയായി വന്നിരുന്നു. അങ്ങനെ മേഘവർണ്ണനെ കാണാനുള്ള വർഷങ്ങളായുള്ള എന്റെ ആഗ്രഹം പൂവണിഞ്ഞു.
ഉരസ്സിലും ഉദരത്തിലുമുള്ള കറുപ്പും നീലനിറവും തലയിലുള്ള മനോഹരമായ ഓറഞ്ചുനിറവും ചേർന്ന നീർരത്നന്മാർ Chlorocyphidae – Stream jewels എന്ന കുടുബത്തിൽപ്പെട്ട ഒരു സൂചിത്തുമ്പിയാണ് മേഘവർണ്ണൻ. സാധാരണ ജാതിചതുപ്പു (Myristica swamp) കളിലും അതിനോട് ചേർന്ന പ്രദേശങ്ങളിലുമാണ് ഇതിനെ മുൻപ് കണ്ടെത്തിയിട്ടുള്ളത്. ഇതിനെക്കൂടാതെ പുള്ളിവാലൻ ചോലക്കടുവ, കടുവാച്ചിന്നൻ, പുഴക്കടുവ തുടങ്ങി 40 ൽ അധികം തുമ്പി ഇനങ്ങളെ ഇവിടെയും ഇതിനോടനുബന്ധ പ്രദേശങ്ങളിൽ നിന്നുമായി എന്റെ പരിമിതമായ നിരീക്ഷണ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് ഞാൻ കണ്ടെത്തിയിട്ടുണ്ട്.