നവനീത്… കാടകങ്ങളുടെ സ്വപ്നാടകൻ

അഭിലാഷ്‌ രവീന്ദ്രൻ  

Published in: Malabar Trogon 17(1,2,3): 10-13. PDF

സ്വപ്നങ്ങളിൽ നിന്നും സ്വപ്നങ്ങളിലേക്കാണ് അവൻ യാത്ര ചെയ്തിരുന്നത്. വന്യമായ പച്ചപ്പിന്റെ ഇരുണ്ട തണുപ്പിലേക്ക് ഒരു വിളി എല്ലായ്പ്പോഴും അവന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നിരിക്കണം. അത്രമാത്രം തീവ്രമായി മോഹിച്ചിരുന്നതുകൊണ്ടാവണം അവനു വേണ്ടി, അവനു വേണ്ടി മാത്രം പ്രകൃതി നിർലജ്ജം അവളുടെ അതിഗൂഢ രഹസ്യങ്ങൾ അവന്റെ ക്യാമറക്കുമുൻപിൽ തുറന്നു വച്ചു. അവന്റെ അനന്തമായ യാത്രകളുടെ തുടർച്ച പോലെത്തന്നെ മഹാ പ്രയാണത്തിലേക്കും അലസമായി നടന്നു പോയവൻ. പകുതി മോന്തിയ പാനപാത്രത്തിലെ മറവി തൻ ജലം ചങ്ങാതിമാർക്കായി മാറ്റി വച്ച് മരണമെന്ന വെറുമൊരു വാക്കിന്റെ അക്കരേക്ക് തുഴഞ്ഞു പോയവൻ.

പലയിടങ്ങളിൽ, പലർക്ക്, പലതായിരുന്നു നവനീത്. ഇന്നലെ സന്ദീപ് പറഞ്ഞ പോലെ ചിലർ അവനെയറിയുക തിരക്കഥാകൃത്ത് ആയാണ് (മുഴുവനാക്കിയ രണ്ടു തിരക്കഥകൾ ഉണ്ടായിരുന്നു കയ്യിൽ) ചിലർക്കവൻ മുഴുനീള യാത്രികനും മനോഹരമായി വിവരണങ്ങൾ എഴുതുന്നവനും. ചിലരാകട്ടെ അവനെയറിയുക അത്രയേറെ സൂക്ഷ്മമായി പ്രകൃതിയെ അറിയുന്ന, ചേർത്തു പിടിക്കുന്ന ഒരു നാച്വറലിസ്റ്റ് ആയാണ്. ചരിത്രത്തിൽ മിസ്റ്റിയ്ക്കൽ/മിത്തോളജി ഭാഗങ്ങൾ ഒക്കെ ഏറെ താൽപര്യമുണ്ടായിരുന്ന ഒരു വായനക്കാരനായാണ് ചിലർ കണ്ടിരിക്കുക. അത്രമാത്രം അഴകും മിഴിവുമാർന്ന അവന്റെ ചില വന്യജീവി ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അവന്റെ നിലപാടുകൾ, അവന്റെ രാഷട്രീയം, ജീവിതത്തിലെ മുൻഗണനകൾ എല്ലാം ചേർന്ന് സമാനതകളില്ലാത്ത ഒരു തലത്തിലേക്ക് ഞങ്ങളുടെ നവനീത് എത്തിച്ചേർന്നിരുന്നു.

ഹൃദ്യമായ പെരുമാറ്റം കൊണ്ടും സൗമ്യമായ ഇടപെടലുകൾ കൊണ്ടും മറക്കാനാവാത്ത സ്വർണ്ണനൂലുകൾ കൊണ്ട് കെട്ടിയിട്ടു കളയും അയാൾ നിങ്ങളെ. അതേ സമയം നിശിത വിമർശനങ്ങൾ കൊണ്ടും നിഷേധം കൊണ്ടും നിരാശയുടെ പടുകുഴിയോളം എത്തിക്കുകയും ചെയ്യും. എന്നിട്ടും പഴയ പുഞ്ചിരിയോടെ, നടന്നു വരുമ്പോൾ നിങ്ങളെല്ലാം മറക്കും, കാരണം അവനെപ്പോലെ അവൻ മാത്രമേ നിങ്ങൾക്ക് ഉണ്ടായിരുന്നുള്ളൂ. എത്ര വികർഷിച്ചാലും വീണ്ടും വീണ്ടും ആകർഷിച്ചടുപ്പിക്കുന്ന എന്തോ ഒന്ന് അവനിലുണ്ടായിരുന്നു. സർവ്വകലാവല്ലഭനായ ഒരുവൻ, ഒരു പക്ഷേ പല കാര്യങ്ങളിലും ഞങ്ങളേക്കാളൊക്കെ ഏറെ മിടുക്കൻ എന്ന ഒരു അരക്ഷിത ബോധം അവന്റെ ചങ്ങാതിമാരെയൊക്കെ മഥിച്ചിരുന്നെന്നു വേണം കരുതാൻ. മിക്കവർക്കും അവനോട് വിയോജിപ്പുകൾ ഉണ്ടായിരുന്നു. പക്ഷേ ആത്യന്തികമായി അവനാരോടും ഒരു പ്രശ്നവും ഉണ്ടായിരുന്നുമില്ല.
എന്തു മനോഹരമായാണ് അവൻ കഥ പറഞ്ഞിരുന്നത് – കാട്ടിലെപ്പൂരമെന്ന് ഞാൻ ചുരുക്കുമ്പോൾ “ആലവട്ടവും വെൺചാമരവുമില്ലാതെ, ചെണ്ടയും ചേങ്ങിലയും കരിമരുന്നുമില്ലാതെ, തോട്ടിയും കാരക്കോലും ചങ്ങല കിലുക്കവുമില്ലാതെ, ഉൾക്കാട്ടിൽ ഒരെഴുന്നള്ളത്ത്” എന്നാണ് നവനീത് ആനകളുടെ ഒരു ഗ്രൂപ്പ് ഫോട്ടോക്ക് അടിക്കറിപ്പെഴുതുക. അവന്റെ മിക്കവാറും ചിത്രങ്ങളുടെ കുറിപ്പുകളിൽ പരിസ്ഥിതിയും കാലാവസ്ഥയും തത്വചിന്തയുമൊക്കെ ഒരു കാലിഡോസ്കോപ്പിലെന്ന പോലെ മാറി മാറി വരും. മഴ നനഞ്ഞൊട്ടിയിരിക്കുന്ന ഒരു കാട്ടൂഞ്ഞാലിയുടെ പടത്തിന് “നനവാലുണങ്ങാനേലും ഒരിടവെയിൽ തന്നൂടെന്റെ,മഴക്കാട് വാഴുന്ന മലദൈവങ്ങളേ.. ” എന്നായിരുന്നു അടിക്കുറിപ്പ്.

മറ്റു സാധ്യതകൾ ഒന്നുമില്ലാത്തതു കൊണ്ട് പ്രഭാതം കടന്നു വന്നേ തീരൂ എന്നും, പ്രണയം കൊണ്ട് കെട്ടുപിണഞ്ഞു പോയവരെന്നുമൊക്കെയാണ് ചില ചിത്രങ്ങൾക്ക് അയാൾ കുറിപ്പെഴുതുക. കാൽപനികതയുടെ ആൾരൂപമായിരുന്നു അവൻ. വയനാട്ടെ വീട്ടിലെ ബാൽക്കണിയിൽ ഇരിക്കുമ്പോൾ ബാണാസുര ഡാമിലെ സന്ധ്യാസമയത്തെ ചുകപ്പിലേക്ക് നിശ്ശബ്ദമായി അവൻ ഊളിയിട്ടു പോകുമായിരുന്നു. പാമ്പാടും ചോലയിലെ ചതുപ്പുകളിൽ തേടിയ പക്ഷിയെ കണ്ടെത്തുമ്പോൾ അവന്റെ കണ്ണിൽ കത്തിയിരുന്ന തീ- എഴുതിഫലിപ്പിക്കാൻ ആവില്ല തന്നെ.

പണ്ട് വയനാട് പക്ഷിസർവ്വേയുടെ ഭാഗമായി ചീരാടൻകൊല്ലിയും ഗോലൂരുമൊക്കെ ഞങ്ങൾ കാട്ടിൽ കഴിഞ്ഞിട്ടുണ്ട്. മൂങ്ങകളെക്കുറിച്ചായിരുന്നു ഞങ്ങൾ ചർച്ച ചെയ്തതേറെയും. രണ്ടോ മൂന്നോ മാസം കഴിഞ്ഞ് കൂടിൽ, ഉലൂകന്റെ സാമ്രാജ്യം എന്ന പേരിൽ ആ കാടനുഭവങ്ങളെ, മൂങ്ങകളെ, വരച്ചിട്ടു കളഞ്ഞു അവൻ. അനന്യമായ അവന്റെ മൂങ്ങ ചിത്രങ്ങളുമായി ഒരു മനോഹര ലേഖനം. നല്ല ചിത്രങ്ങൾക്കും അനുഭവങ്ങൾക്കുമായി എത്ര കഷ്ടപ്പെടാനും അവൻ തയ്യാറായിരുന്നു. പാണ്ടൻ വേഴാമ്പലിന്റെ ഐ- ലെവൽ പടത്തിനായി പണ്ട് ആതിരപ്പിള്ളിയിൽ കുത്തനെയുള്ള ഒരു പാറയിലേക്ക് വലിഞ്ഞുകയറി അവൻ. പടമെടുത്തു കഴിഞ്ഞാണ് മനസ്സിലായത് തിരിച്ചിറങ്ങൽ അത്ര എളുപ്പമല്ലയെന്ന്. ഉരുണ്ടുപിരണ്ട് താഴെയെത്തും വരെ സ്തബ്ധനായി നിൽപ്പായിരുന്നു ഞാൻ. അസാധ്യമായതെന്തും എത്തിപ്പിടിക്കാൻ തക്കവണ്ണമുള്ള അഭിവാഞ്ഛയും ആത്മവിശ്വാസവുമായിരുന്നു അവന്റെ മൂലധനം. ഇരവികുളം കോർ ഏരിയയിൽ പോകുമ്പോഴൊക്കെ പുൽമേടുകളുടെ അതിരുകളിൽ ചാരനിറത്തിലുള്ള കുറിയൊരു മൃഗത്തെ അവൻ പ്രതീക്ഷിച്ചിട്ടുണ്ടാവണം. അവിടത്തെ വാച്ചർമാരോടും കാടരോടും പൊടിപ്പും തൊങ്ങലും വച്ച അവരുടെ പൊഹയൻ പുലിക്കഥകൾ വീണ്ടും വീണ്ടും ആവശ്യപ്പെടുമായിരുന്നു അവൻ. ആ കഥകളും മിത്തുകളുമൊക്കെയായി ഒരു ലേഖനം എഴുതിയിട്ടുണ്ട് പിന്നീട്. ചെമ്പ്രയും വെള്ളരിമലയും കീഴടക്കി ബാണാസുര ചിലപ്പന്റെ പടമെടുക്കുക എന്നത് അവന്റെ വലിയൊരു മോഹമായിരുന്നു. അതുപോലത്തെ ഒരു സ്വപ്നസാക്ഷാൽക്കാരമായിരുന്നു ഗ്രേറ്റ് ഹിമാലയൻ നാഷനൽ പാർക്കിൽ പോയി ഹിമപ്പുലിയുടെ പടമെടുത്തത്. അരുണാചൽ പ്രദേശിലെ മിഷ്മിയിൽ ഒരു ദിവസത്തെ കഷ്ടപ്പാടും കഴിഞ്ഞ് അസ്ഥി നുറുക്കും വിധം തണുപ്പിൽ തിരികെ വരുമ്പോൾ ഒരു സ്വപ്നം പോലെ മേഘപ്പുലി കണ്ണിനു മുന്നിലൂടെ മാഞ്ഞു പോയതുമൊക്കെ കഴിഞ്ഞ തവണ കണ്ടപ്പോൾ കൂടെ വീണ്ടുമോർത്തതാണ്. എണ്ണാൻ കഴിയാത്തത്ര വയനാടും ബന്ദിപ്പൂരും കബനിയും – യാത്രകളുടെ യോർമ്മകൾ മനസ്സിന്റെ മെമ്മറി കാർഡിൽ പൂട്ടി വച്ചിരിക്കയാണ്.

സമയമാകുന്നു പോകുവാന്‍-രാത്രി തന്‍
നിഴലുകള്‍ നമ്മള്‍-പണ്ടേ പിരിഞ്ഞവര്‍…..

യാത്രകളിലാണ് യാത്രകൾക്കിടെ പകലൊടുങ്ങുമ്പോഴുള്ള ലോഡ്ജുകളിലെ അന്തിച്ചർച്ചകളിലാണ് അവനെ ഏറ്റവും നഷ്ടപ്പെടുന്നത്.
നവീനും ജോളിയും സത്യൻ മാഷും നിഷാദും അർജ്ജുനേട്ടനും ഡ്വിജിത്തും ഞാനുമൊക്കെയായാണ് മിക്കവാറും അവന്റെ യാത്രകൾ പതിവ്. യാത്രകളിലുടനീളം ചർച്ചകളും തർക്കങ്ങളുമാണ്. ജിം കോർബറ്റും ആൻഡേഴ്സണും, ഒ വി വിജയനും, ഓഫ്റോഡിംഗും, 0.38 സ്മിത്ത് ആൻറ് വീസ്സണും, ബാലചന്ദ്രൻ ചുള്ളിക്കാടും എയർക്രാഫ്റ്റ് ന്റെ സാങ്കേതികതകളും എല്ലാം അവന് സമം. ഞങ്ങളൊത്തിരി തവണ ആവർത്തിച്ചു കേട്ട പല പാട്ടുകളുമോർക്കുന്നു – നാൻസി സിനാട്രയുടെ മൈ ബേബി ഷോട്ട് മീ ഡൗൺ പോലുള്ളവ. ഹൊറർ കഥകളോടും സാഹസികതകളോടും പ്രത്യേക താൽപര്യമുണ്ടായിരുന്നു. രണ്ടാമതെഴുതിയ തിരക്കഥ ഹൊറർ പ്രമേയമാക്കിയാണ്. പാതിരാത്രി കഴിഞ്ഞ് ഹൊറർ അനുഭവങ്ങൾ തേടി നെല്ലിയാമ്പതിയുടെ അറിയാരഹസ്യങ്ങളിലേക്ക് മഞ്ഞിലേക്ക് ,ഇരുട്ടിലേക്ക് നടന്നു പോയതൊക്കെ ഇന്നലെ കഴിഞ്ഞ പോലെ ഓർമ്മയുണ്ട്.

കിളി എന്ന പേരിൽ മലയാളത്തിലെ ആദ്യത്തെ ആൻഡ്രോയ്ഡ് പക്ഷി നിരീക്ഷണ സഹായി ആപ്ലിക്കേഷൻ പുറത്തിറങ്ങിയതിൽ നവനീതിന്റെ പങ്ക് ചെറുതല്ല. അഭിനന്ദും നവീനും വിജേഷേട്ടനും ജോളിയുമായിരുന്നു മറ്റു നാലു പേർ. മലബാർ നാച്ച്വറൽ ഹിസ്റ്ററി സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്ന നിലയിൽ കേരളത്തിലും പ്രത്യേകിച്ച് മലബാറിലും നടന്ന എല്ലാ പരിസ്ഥിതി പ്രവർത്തനങ്ങളിലും സ്ഥിര സാന്നിധ്യമായിരുന്നു. നിലപാടുകളുടെ പേരിൽ കൂടിയായിരിക്കണം ഒരു പക്ഷേ നവനീത് ഓർക്കപ്പെടേണ്ടത്. മുഖ്യധാരാ രീതികളെയും ശരികളെയുമൊന്നും എതിർക്കാൻ മടിയുണ്ടായിരുന്നില്ല. അവൻ വിശ്വസിച്ചിരുന്ന ഒരു സത്യത്തിന്റെ/ ശരിയുടെ വെളിച്ചത്തിൽ മാത്രം നടന്ന ഒരുവൻ കണ്ട കാഴ്ചകളും അതുകൊണ്ടുതന്നെ തെളിച്ചമുള്ളതായിരുന്നു..

കാലിക്കറ്റ് ബേർഡിംഗ് ക്ലബ്ബ് എന്ന വാട്ട്സ്ആപ്പ് കൂട്ടായ്മയിലെ മിടിപ്പും ചൊടിപ്പും ആയി മാറിയിരുന്നു അവൻ. അവന്റെ നമ്പർ നിശ്ശബ്ദമായതോടെ ആ കൂടപ്പിറപ്പുകൾ എല്ലാരും തന്നെ ഏറെക്കുറെ മൗനത്തിലേക്ക് ഉൾവലിഞ്ഞിരിക്കുന്നു. ഉന്മേഷത്തോടെ, പുഞ്ചിരിയോടെ ഇനിയുള്ള നാളുകളിൽ നമ്മുടെ കൂടെ അവനില്ലെന്ന് വിശ്വസിക്കാനാവുന്നില്ല ഇപ്പോഴും. ഒരു ബൊഹീമിയൻ ഗാനം പാതിയിൽ പതറി നിർത്തി അവനിറങ്ങിപ്പോയിരിക്കുന്നു.
നവനീതിനു ഓർമക്കുറിപ്പു കുറിക്കുവാൻ ഇന്നലെ നവീൻ പറയുമ്പോഴും ഇപ്പോൾ ഞാനീ കുറിപ്പ് എഴുതിത്തീർക്കുമ്പോഴും ഒക്കെ നിസ്സംഗമായി ഒരു കാറ്റ് എന്നെ വന്നു തൊടുന്നുണ്ട്.
അവനാണ്, അവനാണ് അത്.
-വിൻഡ് കൈംസ് വില്ലിലെ ഇന്ദ്രജാലക്കാരൻ.

എവിടെ നവനീത്,
ഗന്ധാകാമ്ലം നിറച്ച നിന്‍
ഹൃദയഭാജനം?
ശൂന്യമീക്കല്ലറയ്ക്കരികില്‍
ആഗ്നേയ സൗഹൃദത്തിന്‍
ധൂമവസനമൂരിയെറിഞ്ഞ
ദിഗംബരജ്വലനം?

(കവിതാ ശകലങ്ങൾക്ക്
ചുള്ളിക്കാടിനോട് കടപ്പാട്)