CHINESE LANTERN

Dr. K. Kishore Kumar

Physalis alkekengi (Solanaceae)

ഉള്ളിൽ ബൾബ് കത്തിച്ചു തൂക്കിയിടുന്ന ചൈനീസ് റാന്തൽ വിളക്കുകൾ കണ്ടിട്ടില്ലേ? അതു പോലുള്ള ഒരു ഫലത്തെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

തക്കാളി, വഴുതന, മുളക് എന്നിവ ഉൾപ്പെടുന്ന Solanaceae കുടുംബത്തിൽ പെട്ട ഈ സസ്യം ദക്ഷിണ യൂറോപ്പ്, ഏഷ്യയുടെ വടക്കു-കിഴക്കൻ ഭാഗങ്ങളിലും ദക്ഷിണ ഭാഗങ്ങളിലും കാണപ്പെടുന്നു.

നമ്മുടെ നാട്ടിൽ സാധാരണയായി കാണപ്പെടുന്ന ഞൊട്ടാഞൊടിയന്റെ (Physalis minima) ജനുസ്സിൽപ്പെട്ട ഈ സസ്യത്തിന്റെ പൂക്കളിലെ വിദളങ്ങൾ (sepals) പൊതുവേ വീർത്തിരിക്കുന്നവയാണ് (inflated). ഇവ പിന്നീട് ഉള്ളിലെ ഉരുണ്ട കായ്കളെ പൊതിഞ്ഞ് ഒരു ആവരണമായി നിൽക്കും.

ചുവന്ന നിറത്തിലുള്ള ഇത്തരം ഫലങ്ങളെ കാണുമ്പോൾ ചൈനീസ് റാന്തൽ വിളക്കുകളെ പോലെ തോന്നിക്കും. ശീതമേഖലാ രാജ്യങ്ങളിലെ പ്രധാനപ്പെട്ട ഒരു ഉദ്യാനസസ്യം കൂടിയാണ്.

(നമ്മുടെ നാട്ടിലെ ഞൊട്ടാഞൊടിയന്റെ (Physalis minima) ഫലങ്ങൾ ഇതു പോലെ ചുവപ്പ് നിറത്തിലല്ല. പക്ഷേ കാൻസർ, പ്രമേഹം, വേദനാസംഹാരി എന്നീ നിലകളിൽ ഒക്കെ ഉപയോഗിക്കുന്ന ഞൊട്ടാഞൊടിയന്റെ ഒരു കായ്ക്ക് അന്താരാഷ്ട്ര വിപണിയിൽ 10 രൂപയോളം ഉണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കുമോ?)